കോട്ടയം: സ്വാതന്ത്ര്യദിനത്തിൽ രാവിലെ എക്സൈസ് പൂട്ടി സീൽ ചെയ്ത ബാര്‍ വൈകുന്നേരം വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതില്‍ കടുത്ത നടപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. കോട്ടയം മണർകാട്ടുള്ള രാജ് റീഗല്‍ ബാറിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
വീഴ്ചവരുത്തിയ എക്സൈസ് ഉദ്യോഗസ്ഥര്ക്കെതിരേ സസ്പെന്ഷന് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫീല്‍ഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം.
വിഷയത്തില്‍ നടപടി സ്വീകരിച്ച് അടിയന്തരമായി അറിയിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. നിയമവിരുദ്ധമായി അതിരാവിലെ തുറന്ന് പ്രവര്‍ത്തിച്ച ബാര്‍ എക്സൈസ് മിന്നല്‍ പരിശോധനയെത്തുടർന്ന് പൂട്ടിച്ചിരുന്നു.
പുലർച്ചെ അഞ്ചു മുതല്‍ ബാറില്‍ മദ്യ വില്പന നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാര്‍ പൂട്ടി സീല്‍ ചെയ്തത്.എന്നാൽ, വൈകുന്നേരത്തോടെ ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഈ വിവരം ലഭിച്ചതോടെയാണ് മന്ത്രി ബാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എക്സൈസ് കമ്മീഷണറോട് നിര്‍ദേശിച്ചതും ബാര്‍ തുറന്നത് എക്സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിലയിരുത്തിയതും.
കോട്ടയം ജില്ലയിലെ ചില ബാറുകള്‍ സംസ്ഥാനത്തെ മറ്റു ബാറുകളെപ്പോലെ സമയക്രമം പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെതന്നെ എക്സൈസ് മന്ത്രി എം. ലിജു വിമര്‍ശിച്ചിരുന്നു. നിയമവിരുദ്ധമായി അതിരാവിലെ തുറക്കുന്ന ബാറുകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന താക്കീതും മന്ത്രി നല്‍കിയിരുന്നു.